ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2014, സെപ്റ്റംബർ 24

കവിയും കവിതയും:

കവി ഒരു സാമൂഹിക ജീവിയാണ്, എല്ലാ പൗരന്മാരേയും പോലെ കവിക്കും സമൂഹത്തോട് കടപ്പാടും ബന്ധവുമുണ്ട്.
എഴുത്തുകാരന് വായനക്കാരനോടും അതിലൂടെ സമൂഹത്തോടും എന്തെങ്കിലും ഉത്തരവാദിത്തവുമുണ്ട്. വായനക്കാരന് വായിക്കാനല്ലെങ്കില് പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഓരോ സ്വത്വപ്രകാശനവും, സാമൂഹികമായും സാംസ്കാരികമായുമുള്ള കടമയും ബാദ്ധ്യതകളും നിറവേല്‍ക്കപ്പെടേണ്ടതുമാകണം.
ഓരോ കവികളുടേയും സ്വായത്തസിദ്ധികളും ശീലവിശേഷങ്ങളും അനുസരിച്ചാണ് ഭാഷയുടെ പ്രയോഗങ്ങളും സം‌വിധാനങ്ങളും ഉണ്ടാകുന്നത്. ഒരു ചിത്തവൃത്തിയുടെ ഭാവവിശിഷ്ടമായ ആവിഷ്ക്കാരമായിരിക്കണം കവിത. പദങ്ങളുടെ താളമേളത്തിലും, കൗതുകകരമായ കല്പ്പനകളിലും രസം ഉളവാക്കണം. ആ രസം ആയാസരഹിതവുമായിരിക്കണം. അതിലൂടെ ഹൃദയസംവാദപരവുമായിരിക്കണം. ആധുനികത എന്ന തരത്തില് ഇന്നുകാണുന്ന കവിതകളില് ഇത്തരം അനുഭൂതികള് അനുവാചകരിലേക്ക് പകരാന് നവമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നവര്‍‌ക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
കവിത ആത്മാവിന്റെ ഭാഷയാണ്. അല്ലെങ്കില് പരോക്ഷമായ ആശയങ്ങളുടെ പ്രത്യക്ഷമായ രൂപങ്ങളാണ്.



വൃത്തവും പ്രാസവും കൊണ്ടല്ല, പകരം ഭാവനാ വിലാസം കൊണ്ടും ആലങ്കാരികത കൊണ്ടുമാണ് ഒരു വാക്യം കവിതയായിതീരുന്നത്. അതുകൊണ്ടാണ് ഒരു സാഹിത്യകാരന് ഇപ്രകാരം പറഞ്ഞത്, 'കവിത ഒരു സംസാരമാണ്. അതില് ഏറ്റവും മെച്ചപ്പെട്ടത് ഏറ്റവും ഭാവനാത്മകമായതാണ്'
ചീത്ത ഗദ്യത്തേക്കാള് ദുസ്സഹമാണ് ചീത്ത പദ്യം എന്ന് ഗുപ്തന് നായര് പറഞ്ഞിട്ടുണ്ട്. ഗദ്യത്തില് നിന്ന് വലിയ സൗന്ദര്യോല്‍ക്കര്‍ഷങ്ങളൊന്നും നാം സാധാരണ പ്രതീക്ഷിക്കാറില്ല. ഇടക്കെങ്ങാന് ഭംഗിയുള്ള ഒരു വാക്യമോ രമ്യകല്‍‌പ്പനയോ കണ്ടാല് നാം ഉണര്‍‌ന്ന് രസിക്കും. പിന്നീട് കഥയുടെ രസചരടിലൂടെ മുന്നോട്ടുള്ള പ്രയാണം തുടരും എന്നുമാത്രം. എന്നാല് കവിത അതല്ല, രസത്തിലൂടെ ചിന്തയുടെ വയോക്തിക രസവും കടന്ന് അനുഭൂതിയുടെ ഒരു മായാവലയത്തിലേക്ക് നമ്മെ കൈപിടിച്ചുകടത്തുന്നു. ആ അനുഭൂതിയുടെ ലഹരി നമ്മളെ ഭാവനയുടെ മറ്റൊരു ഉദാത്തലോകത്തിലേക്ക് കൈപിടിച്ചുയര്‍‍ത്തുന്നു. പദങ്ങളുടെ കല്‍പ്പനകളിലൂടെ വികാരങ്ങളുടെ രസകൃയാപരതകളിലൂടെ, പലപ്പോളും വികാരതലങ്ങളില്‍നന്നും അര്‍ത്ഥതലങ്ങളിലേക്ക് കടക്കുന്നത് നാം അറിയുകപോലുമില്ല.
രസാസ്വാദനത്തിലൂടെ നമുക്കുള്ളില് ഹര്‍ഷാത്മകമായ വേഗസഞ്ചാരം ഉണ്ടാകുകയും അതിലൂടെ അനുഭവഭേദ്യവുമാകണം എന്ന് എ. ഇ. ഹുസുമാന് കവിതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
കവിതാകമ്പക്കരില് ഭൂരിഭാഗവും കവിത എഴതുന്നവരുമാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. കവിത ജനിക്കാന് തുടങ്ങുമ്പോള് പലപ്പോളും കവിയുടെ കയ്യില് കുറച്ചു രൂപകല്പ്പനകളും ആദ്യാവസാനങ്ങളുടെ അന്തര്‍‍ബോധവും മാത്രമേ ഉണ്ടാകൂ. ഇതിലൂടെ പ്രകാശിപ്പിക്കേണ്ടുന്ന ഒരാശയത്തിന്റെ പര്യടനം നിര്വഹിക്കാനുണ്ടെന്നും അറിയാം. ഇടയിലുള്ള വിശദാംശങ്ങള്, മനസ്സിനുള്ളിലെ അന്തര്‍‌സമരത്തിലൂടെ ഉരുത്തിരിഞ്ഞുവരികയും ചെയ്യുന്നു. കവികളുടെ മനസ് ബോധമണ്ഡലത്തിലും ഭാവനാ മണ്ഡലത്തിലും ഒരുപോലെ സഞ്ചരിക്കുകയും ചെയ്യുന്നു.
പലപ്പോഴും ഈ പുറത്തേക്കു വരുന്ന രൂപത്തെ മുഴുവനായും, കവി ഉദ്ദേശിക്കുന്നയര്‍ത്തില് മനസ്സിലാക്കാന് അനുവാചകര്‍ക്കു  സാധിക്കണമെന്നില്ല. ഒരേ ഒരു പോംവഴിയേ അനുവാചകരുടെ മുമ്പിലുള്ളൂ. കവിയുടെ ഉള്ളിലേക്ക് കടന്നുകയറി കവിയുടെ മനസ്സുമായി താദാത്മ്യം പ്രാപിക്കുക. ഇതിലെ അവ്യക്തതകള് ഒരു പരിധിവരെ നമുക്ക് പ്രാപ്യമെങ്കിലും ചില അപ്രാപ്യമായ അവ്യക്തതകള് അവിടെ കുമിഞ്ഞുകൂടാന് സാധ്യതയുണ്ട്. കവിതയിലെ ആശയം പ്രകാശിപ്പിക്കുമ്പോള് മദ്ധ്യത്തില് രൂപം കൊള്ളുന്ന അലങ്കാര പ്രയോഗങ്ങള് ആധുനിക കവിതകളെ മനസ്സിലാക്കാന് ദുര്‍ഗ്രഹതയുണ്ടാക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നാല് ഈ ദുര്‍ഗ്രഹതയും സന്നിഗ്ദതയുമൊന്നുമില്ലാത്ത കവിതകള് എന്തുകൊണ്ട് സാധാരണക്കാരിലേക്ക് എത്തുന്നില്ല..?
ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില് സന്തോഷിക്കാത്തവര് കുറവാണ്.
മലയാളത്തില് ആദ്ധ്യാത്മരാമായണം കഴിഞ്ഞാല് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം ചങ്ങമ്പുഴയുടെ രമണനാണ്. എന്നാല് ഇന്ന് രമണന് പോലെ വായിക്കപ്പെടുന്ന എത്ര കവിതകള് ഉണ്ട് എന്നതും, എന്തുകൊണ്ട് അത്തരം കവിതകള് ഉണ്ടാകുന്നില്ല എന്നതും, അല്ലെങ്കില് അത്തരം കവിതകള് അനുവാചകര് എന്തുകൊണ്ട് തിരസ്ക്കരിക്കുന്നു എന്നതും പരിശോധിക്കേണ്ടതാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ട്,കവിതകള്‍ക്കു നേരെയുള്ള വായനക്കാരന്റെ വിമുഖത പരിശോധനക്കു വിധേയമാക്കേണ്ടതാണ്.
റീവ്സ് പറഞ്ഞിട്ടുള്ളത് 'കവിതയോടുള്ള പ്രേമം ഹൃദയത്തിന്റെ സ്വകാര്യമാണ്, ആരേയും പ്രേരിപ്പിച്ച് പ്രേമിപ്പിക്കാനാകില്ല' എന്നാണ്.
കവിതയെ പ്രേമിക്കല് ഇണയെ പ്രേമിക്കുന്നതില്‍‌നിന്നും വിഭിന്നവുമാണ്. ഇണയുമായിട്ടുള്ള പ്രണയം, ഒരു കാരണം കൂടാതെ അല്ലെങ്കില് തക്കതായ കാരണംകൊണ്ട് ഇണയോടുള്ള പ്രേമത്തില്‍നിന്നും തെന്നിമാറാം. ആദ്യം തോന്നുന്ന ഹരം പിന്നീട് ഇല്ല്യാതെയുമാകാം. എന്നാല് കവിതയോടുള്ള ബന്ധത്തില് അസഫലതകളുടെ അങ്കലാപ്പുകള്‍ക്ക്  സ്ഥാനമില്ല. കവിതയുടെ പ്രണയ പ്രകടനങ്ങള്‍‍ക്കെതിരായി ഒരിക്കലും ഒരാള്‍ക്കും മുഖം തിരിക്കാനാവികയുമില്ല. നിങ്ങള് നല്കുലന്നിടത്തോളം ഇങ്ങോട്ടും തിരിച്ചുകിട്ടും. നിര്‍വികകാരതയോ, കപടവിലാസമോ, വിശ്വാസവഞ്ചനയോ ഒന്നും അവിടെ സംഭവിക്കുകയില്ല.
വിവിധ കലാരൂപങ്ങളില്‍‌വച്ച് കവിതക്കു മാത്രം എന്താണീ പ്രത്യേക സ്വഭാവം..? കവിത മറ്റെല്ലാ സാഹിത്യരൂപത്തേക്കാളും സൂഷ്മവും നൈസര്‍ഗ്ഗികവുമാണ്. ആശയനിരപേക്ഷതയിലൂടെ രൂപസംവിധാനത്തിലേക്കും അതിലൂടെ വികാരതലത്തിലേക്കും കടന്നു ചെല്ലും. അതെ അതാണ് കവിത.
കവിതയില് വിചാരവും, വികാരവും ഉണ്ടായിരിക്കണം
രണ്ടും ഭാവനോത്തേചകമായിരിക്കുകയും വേണം
അവ ഹൃദയത്തില് ചമത്ക്കാരങ്ങള് ജനിപ്പിക്കുകയും വേണം.
രസാത്മകമായ വാക്യമാണ് കാവ്യം എന്ന് ആചാരന്മാര് കവിതയെ വിവക്ഷിച്ചിരിക്കുന്നു. എന്നാല് രമണീയമായ അര്‍ത്ഥത്തെ പ്രതിപാതിപ്പിക്കുന്ന ശബ്ദത്തെ കാവ്യമെന്ന് പണ്ഡിതര് പറഞ്ഞിരിക്കുന്നു. ഭാവനയുടെ വാഗ്‌രൂപമെന്ന് ഷെല്ലിയും, ഉത്തമ പദങ്ങള് ഉത്തമ സംവിധാന ശൈലിയില് എന്ന് കേള്റി്ജും, ഉല്‍ക്കടവികാരങ്ങളുടെ നൈസര്‍ഗ്ഗിക പ്രവാഹമെന്ന് വേഡ്സ് വര്‍ത്തും  പറഞ്ഞിരിക്കുന്നു.

എന്നാല് ഒരൊറ്റ ശരിയാണ് കവിയെ കവിതയാക്കുന്നത്... ഭാവന..!
കവി ബ്രഹ്മാവിനു തുല്യനായ സൃഷ്ടാവായാണ് ഭാരതീയ പാരമ്പര്യം കണക്കാക്കുന്നത്. ഒരാളെ കവിയാക്കുന്നതിന് മൂന്നു സിദ്ധിക‌ള് വേണം. പ്രതിഭ, വ്യുല്പ്പത്തി, അഭ്യാസം. ജന്മസിദ്ധമായ പ്രതിഭ, പതിരില്ലാത്ത പഠനം, നിരന്തരമായ ഉല്‍സാഹം. ഇതില് ജന്മസിദ്ധമായ പ്രതിഭാ ദാരിദ്ര്യമാണ് പലപ്പോഴും ഇന്ന് നാം നവമാധ്യമങ്ങളിലൂടെ കാണുന്നത്.
എന്നാല് കവിത ആസ്വദിക്കുന്നതിന് ഒരു സഹൃദയനു മാത്രമേ കഴിയൂ.
ആരാണ് സഹൃദയന്..?
'കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവര്‍ത്തനം നിമിത്തം, നിര്‍മ്മലീഭവിച്ച മനോഹരദര്‍പ്പണത്തില് വര്‍ണ്ണനീയവസ്തുവായ വിഭാവാദിയുടെ തന്മയീഭാവത്തിനുള്ള യോഗ്യത നേടിയവനാണ് സ്വഹൃദയസംവാദഭാക്കാരായ സഹൃദയന്മാര്' അഭിനവഗുപ്തന് സഹൃദയനെവിവക്ഷിച്ചിട്ടുള്ളത് ഇപ്രകാരമാണ്.
എന്നാല് എല്ലാ സഹൃദയരും ഒരേ തരക്കാരല്ല. ഒരേ നിലവാരമുള്ളവരുമല്ല. "ഒരേ കാവ്യം രണ്ടുപേര് വായിക്കുന്നില്ല"
ഓരോ സഹൃദയനും തന്റെ മാനസികനിലവാരമനുസരിച്ച് പലതട്ടുകളിലാണ്. ഒരുവന് മധു മറ്റൊരുവന് വിഷമാണ്.
എഴുത്തു പോലെതന്നെ മറ്റു സാഹിത്യ രചനകളില്‍നിന്നും വ്യത്യസ്ഥമായി കാവ്യം ഗ്രഹിക്കാനാണ് കൂടുതല് ആസ്വാദ്യം വേണ്ടുന്നത്. സൂഷ്മസംവേദനശേഷിയുള്ള മനസ്സും, വികാര സംവേദനശീലവും കാവ്യഗ്രഹനത്തിനു വേണം.

തന്റെയുള്ളില് നീറിപുകഞ്ഞ അഥവാ തന്നെ തന്നെ ആനന്ദത്തില് ആറാടിച്ച അനുഭൂതികളെ തനിക്കാകാവുന്നയത്ര സഭ്യതാശക്തിയോടെയും, ഫലകാമിതയോടെയും പറയാന് ശ്രമിക്കുകയാണ് കവി. അതിനു വേണ്ടി ഭാഷയെ വളക്കുകയും, മെരുക്കുകയും ചെയ്യുന്നു.. കല്‍‌പ്പനകളെ കൂട്ടുപിടിക്കുന്നു... ആശയങ്ങളെ ചമല്‍ക്കരിക്കുന്നു.
റ്ജുവായ സ്വഭാവേക്തിയല്ല, വക്രോക്തിയാണ് കവിതയുടെ ശൈലി. നാം ഇന്നു കാണുന്ന ഏതു കാവ്യ വൈകൃതത്തിനും അവര്‍ക്കുള്ള ഒറ്റ സമാധാനം അതു ആധുനികം ആണത്രേ. എന്നാല് ഇത് ആസ്വദിക്കാന് പുതിയകാലത്തിന്റെ ആസ്വാദനക്ഷമതോ, പുതിയ താളബോധമോ വേണം. അല്ലെങ്കില് പുതിയ മാനങ്ങള് അറിയണം, ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് ഇതൊന്നുമില്ലെന്നു സാരം.
കാലം മാറുന്നതിനനുസരിച്ച് കാലധര്‍‍മ്മങ്ങള് മാറുന്നതുപോലെ കലാധര്‍‍മ്മങ്ങളും മാറുകതന്നെ ചെയ്യും. പുതിയ പ്രമേയങ്ങളും പുതിയ ശൈലികളും ഉയന്നുവരികതന്നെ വേണം.
'പൊന്നില്‍ക്കുളിച്ചിവള്
നില്‍ക്കുകയാണൊരു
മഞ്ഞ കണിക്കൊന്ന പൂത്ത പോലെ'

എന്ന ചങ്ങമ്പുഴയുടെ മഞ്ജീരശിഞ്ജിതശൈലി കേട്ടു രസിച്ചു വളര്‍‌ന്ന് വന്നവരാണു നമ്മള്. എന്നാല് കവിതയെഴുത്തിനാവശ്യമായ സിദ്ധിയില്ലാത്തവര് ആധുനിക കവിതാരചനയാല് നവമാധ്യമങ്ങളിലൂടെ നിറയുന്നു.
വ്യാകരണവും, നിയമാവലിയും പഠിച്ചിട്ട്, വ്യാകരണ വിരുദ്ധമായെഴുതുന്നതും നിയമം തെറ്റിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നുമാത്രം.
എഴുത്തുകാരന് എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള് എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില് എഴുത്തുകാരന് ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല് എഴുത്തില് ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല.

എഴുത്തുകാരന് തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന് ഇതാണ് എഴുതിയതെന്ന് ഞാന് തന്നെ വിളിച്ചുപറഞ്ഞാല് പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന് കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന് സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില് നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.



 

2014, ജൂലൈ 2

പ്രവാസിക്കിത് നാട്ടോര്‍മയുടെ നാളുകള്‍:

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്.
എന്നാല്‍ ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ തങ്ങളുടെ നാട്ടില്‍ തങ്ങള്‍ക്ക് ജീവിക്കാനുതകുന്ന സാമ്പത്തികമായ തലങ്ങള്‍ ഇല്ല്യാതാകുന്ന സാഹചര്യങ്ങളിലാണ്‌, നമ്മളെപോലുള്ളവര്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കായി, അല്ലെങ്കില്‍ ശോഭനമായ ഒരു ഭാവിക്കുവേണ്ടി പ്രവാസിയായി ജീവിക്കേണ്ടിവരുന്നത്.

പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ഒരാൾക്കും വിസ്മരിക്കാൻ കഴിയില്ല.
സുന്ദരമായ നാളെയുടെ ദിനരാത്രങ്ങളെ മനസ്സില് താലോലിച്ച് അതീജീവനത്തിന്റെ തീക്ഷ്ണമായ കനൽപഥങ്ങൾ താണ്ടി ചടുലമായ യൗവ്വനം തീർക്കുന്നവരാണ് ഓരോ പ്രവാസികളും. കേരളത്തിലെ യൗവ്വനം  മഹാപങ്ക് പ്രവാസത്തിന്റെ രുചി നുകര്ന്നവരാണ്. പ്രവാസത്തിന്റെ എരിയുന്ന കനലുകളില് നിന്നും ചിലര് ലക്ഷ്യം നേടുമ്പോള് മറ്റു ചിലര് കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു.
നമ്മുടെ നാടിന്റെ ബഹുമുഖമായ പുരോഗതിക്കും അഭിവൃദിക്കും പ്രവാസി സമൂഹം ചെയ്ത മഹിതമായ സേവനങ്ങൾ പക്ഷേ ഇന്ന് പലരും വിലമതിക്കാൻ വിമുഖത കാണിക്കുകയും, പ്രവാസികള്ക്ക് അവരുടെ അവകാശങ്ങള്തന്നെ നിഷേധമായി മാറുകയും ചെയ്യുന്ന സാമൂഹികക്രമം സംജാതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിലാണ് നാം ജീവിതം തള്ളിനീക്കുന്നത്. പ്രവാസത്തിലേക്ക് പറിച്ചെറിയപ്പെടുന്ന ഓരോ പ്രവാസികളും സാമ്പത്തികമായ ഉന്നമനവും സാമൂഹികമായ ഒരു നല്ല നാളെകളേയും സ്വപ്നം കണ്ടാണ് തന്റെ വേരുകള് പറിച്ചിനടാന് തയ്യാറകുന്നത്.

പ്രവാസി മലയാളിയുടെ സ്മരണകളില് നാട്ടില് താന് അനുഭവിച്ച ഭൂതകാലത്തെ നോമ്പും ചീരണിയും തറവീഹ് നമസ്കാരവും രാപ്രസംഗങ്ങളും നാട്ടിന്പുറത്തെ ചെറിയ ചെറിയ സേവനകൂട്ടായ്മകളും ഇരമ്പിയെത്തും. നോമ്പുകാലമാകട്ടെ, സക്കാത്തിന്റെയും ഉദാരതയുടെയും സാമൂഹിക പ്രവര്ത്തനങ്ങളുടെയും കാലമാണ്. മറ്റൊരര്ത്ഥത്തില് പറഞ്ഞാല് ഗള്ഫുമലയാളിയെ നോമ്പ് നാടിന്റെ ഓര്മ്മകളിലേക്ക് തൊട്ടുവിളിക്കുകയാണ്. പാവപ്പെട്ട പെണ്കുട്ടികളെ കെട്ടിച്ചയയ്ക്കാന്, അനാഥാലയങ്ങളുടെ നടത്തിപ്പിനുള്ള പണം സ്വരൂപിക്കാന്, വീടില്ലാത്തവര്ക്ക് വീടുപണിയിച്ചു കൊടുക്കാന്, പള്ളി പണിയാന്... ഇങ്ങനെ ചെറിയ ചെറിയ സംഖ്യകള് സ്വരൂപിച്ച് നാട്ടിലെ കൂട്ടായ്മയിലേക്ക് വകയിരുത്തുകയായി. ഇതില്നിന്ന് ഒഴിഞ്ഞുനില്ക്കുന്നവര് വളരെ കുറച്ചുമാത്രം. നീണ്ട കാലം പ്രവാസിയായിരുന്ന എനിക്കു തോന്നിയിട്ടുള്ളത് ഗള്ഫിലെ നോമ്പുകാലം നാട്ടിലേതിനെക്കാള് എത്രയോ വര്ണോജ്വലമാണ് എന്നാണ്. അവരുടെ ജീവിതത്തില് സര്വ്വത്ര മാറ്റങ്ങളാണു നാം കാണുക. ശരിക്കും നാട്ടോര്മ്മയുടെ നാളുകള് തന്നെയാണവ. ഉംറയ്ക്കുള്ള തിരക്കും ഏറുന്നത് ഈ കാലത്തുതന്നെ.

മനുഷ്യര്ക്ക് സന്മാര്ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്ആന് അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്. നന്മകള്ക്ക് പലഇരട്ടി പ്രതിഫലവും ലഭിക്കുന്ന മഹത്തായ മാസമാണ് നമ്മുടെ മേല് തണലിടുന്നത്. നബി(സ) റമദാന് സമാഗതമാവുന്ന അവസരത്തില്, അതിന്റെ അനുഗ്രഹങ്ങള് ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന് ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. പുണ്യങ്ങള് ചെയ്യുന്നതിലും റമദാന്റെ ഗുണഫലങ്ങള് നേടിയെടുക്കുന്നതിലും മത്സരിച്ച് മുന്നേറേണ്ട വിലപ്പെട്ട ദിനരാത്രങ്ങളാണ് വന്നെത്തുന്നത്.

നശ്വരമായ ഐഹികജീവിതത്തോടുള്ള കൊതിമൂലം മണ്ണില് മുഖംകുത്തി നടക്കേണ്ട ഗതികേടിലാണ് ഭോഗതൃഷ്ണ പുതിയ ലോകത്തിലെ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യരാശി അല്ലാഹുവിലേക്കാണ് മുഖം തിരിക്കേണ്ടത് എന്ന സന്ദേശമാണ് ഖുര്ആന് മുന്നോട്ടു വെക്കുന്നത്. "ലോക രക്ഷിതാവായ അല്ലാഹുവിന് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു'' എന്ന ഖുര്ആന് വാക്യം എല്ലാ നമസ്കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികള്ക്ക് അത് ജീവിതം കൊണ്ട് അന്വര്ഥമാക്കാനുള്ള അവസരമാണ് റമദാന്.

2014, മേയ് 21

പ്രതിപക്ഷത്തിന്റെ കടമയും കര്‍ത്തവ്യവും

ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്നത്, അത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ എന്നതാണ്. 1951ലെ ആദ്യത്തെ ജനാധിപത്യ വ്യവസ്ത്ഥിതിയിലുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യപ്രകൃയ്യകളില്‍ ജനങ്ങളുടെ പങ്ക് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതും, തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ വേണ്ടവിധത്തില് വിനിയോഗിക്കാന് പ്രേരിപ്പിക്കുക എന്നതുമായിരുന്നു. ജനങ്ങളുടെമേല്‍ അധികാരം പ്രയോഗിക്കാനുള്ള അവകാശം എന്ന സങ്കല്‍‌പ്പത്തില്‍നിന്നും അധികാരത്തില്‍ ജനങ്ങളുടെ പങ്ക് എന്നത്, ഭരണഘടനയില്‍ മാത്രം ഉണ്ടായാല്‍പോര, മൂര്‍ത്തജീവിതത്തില്‍ ഉണ്ടാകണമെന്ന് നിരീക്ഷിച്ചത് മാര്‍ക്സ് ആയിരുന്നു. അതായത് ജനാധിപത്യസം‌വിധാനത്തില്‍ ജനാധിപത്യം എന്നത് കേവലം ഭരണകൂട രൂപം മാത്രമല്ല എന്നര്‍ത്ഥം.

ജനാധിപത്യത്തിന്റെ ഭാവിയെ ജോസഫ് ഷംപീറ്റര് (Joseph Schumpeter) പ്രവചിച്ചത് ഇങ്ങിനെയായിരുന്നു.
‘The eighteenth century philosophy of democracy may be couched in the following definition: the democratic method is that institutional arrangement for arriving at political decisions which realizes the common good by making the people itself decide issues through election of individuals who are to assemble in order to carry out its will’

ഓരോ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിലും ജനങ്ങള് നേരിട്ട്, തീരുമാനങ്ങള് കൂട്ടായെടുക്കുന്ന നിരന്തര ജനാധിപത്യമെന്ന സങ്കല്പ്പം (continuous democracy) അത്രയ്ക്ക് പ്രചാരത്തില് എത്താതിരുന്ന കാലത്ത് ഷംപീറ്ററിന്റെ നിര്‍‌വചനം കാലക്ലിപ്ത ജനാധിപത്യത്തില് (punctuated democracy) ഒതുങ്ങിപ്പോയിട്ടുണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നൊരു പ്രക്രിയ മാത്രമായി സാധാരണ ജനത്തിന്റെ ജനാധിപത്യ പ്രവര്ത്തനം മാറിയിരിക്കുന്നു. രാജഭരണം പോലെ, ജനാധിപത്യ സംവിധാനങ്ങള് ജനവിരുദ്ധമായിപ്പോയ സന്ദര്ഭത്തിലാണ് ജനങ്ങള് കലാപങ്ങളും സമരങ്ങളും നടത്തുന്നത്. ജനപ്രതിനിധിയെ തെരഞ്ഞെടുക്കലിനു അപ്പുറത്തേയ്ക്ക് കടക്കുന്ന ജനാധിപത്യ പ്രവര്ത്തനമായി ജനാധിപത്യ സംവിധാനങ്ങളെ തിരുത്തുകയോ, മറിച്ചിടുകയോ ചെയ്യുന്ന സമരങ്ങള് ഉടലെടുക്കുന്നു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള സ്വാധീനം പരിശോധിക്കുമ്പോള് ഈ രണ്ടു പ്രവര്ത്തനങ്ങളിലും അതിനുള്ള സ്വാധീനം പരിശോധിക്കപ്പെടേണ്ടതായുണ്ട്.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഓരോ തിരഞ്ഞെടുപ്പു ഫലങ്ങളും. ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന് ജനാധിപത്യത്തില് പൗരന്മാര്ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല് പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന് ആര്ക്കും സാധിക്കുകയുമില്ല.

നവ രാഷ്ട്രീയം എന്ന് വ്യവഹരിക്കുന്ന വിശകലനങ്ങള്ക്ക് മുമ്പില് ഏതാണ് നവമല്ലാത്ത രാഷ്ട്രീയമെന്ന ചോദ്യത്തിന്റെ ആമുഖമായിരിക്കുക എന്നതാണ് ഇന്ത്യന് രാഷ്ട്രീയത്തിന്റെ വയസ്സന്വേഷണം നിര്വഹിക്കുന്ന ദൗത്യം. ഇന്ത്യന് പശ്ചാത്തലത്തില് രാഷ്ട്രീയം എന്ന വാക്കിന് വിപുലമായ അര്ഥതലങ്ങളുണ്ട്. കൊളോണിയല് അനുഭവങ്ങളില് നിന്ന് പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തില് ഇന്ത്യന് സമൂഹം സ്വത്വബോധത്തിലും സ്വാതന്ത്ര്യ ചിന്തയിലും കൊളോണിയല്വിരുദ്ധ ചിന്തകളിലും എന്നാണ് എത്തിച്ചേര്ന്നത്, അന്നാണ് ഇന്ത്യന് രാഷ്ട്രീയത്തിന്റെ ജന്മദിനം. സ്വാതന്ത്ര്യം, സ്വാഭിമാനം, സ്വത്വവിമോചനം, സ്വരാജ് തുടങ്ങിയ നിരവധി ‘സ്വം’കളോട് ചേര്ന്നുനില്ക്കുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്തഃസത്ത. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയം പാര്ലിമെന്ററി സംവിധാനങ്ങളുടെ സാധ്യതകളുമായി ഇണച്ചും പിണച്ചും കൈകാര്യം ചെയ്യപ്പെട്ടപ്പോള് മേല്പ്പറഞ്ഞ ‘സ്വം’കള്ക്ക് നഷ്ടം വന്നു. അധികാരമോഹം, സ്വാര്ഥം, ചൂഷണം, അഴിമതി തുടങ്ങി ജനതയുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും തകര്ക്കുന്ന പ്രവണതകള് രാഷ്ട്രീയത്തിന്റെ ഭാഗമായി.
1984 ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തില് നിര്ണ്ണായകമായ വഴിത്തിരിവുകള് സൃഷ്ടിച്ച ഒരു വര്ഷമാണ്. മൂന്ന് പതിറ്റാണ്ടുകള്ക്ക് ശേഷം 1984-ന്റെ ചില ആവര്ത്തനങ്ങള്ക്ക് 2014 പൊതുതെരഞ്ഞെടുപ്പും സാക്ഷ്യം വഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ വധം സൃഷ്ടിച്ച തരംഗത്തില് അന്നുവരെ ഇന്ത്യ കണ്ട ഏറ്റവും ഉയര്ന്ന പോളിംഗ് ശതമാനമായ 64 ശതമാനം1984-ല് രേഖപ്പെടുത്തി. 2014-ല് നരേന്ദ്ര മോഡി സൃഷ്ടിച്ച തരംഗം 66 ശതമാനത്തിലധികം പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നതിന് കാരണമായി. അന്ന് കോണ്ഗ്രസ് 411 സീറ്റുകള് നേടി അധികാരത്തില് എത്തിയപ്പോള് ഇത്തവണ 340-ഓളം സീറ്റുകള് നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില് വന്നു. അതിലും പ്രധാനമായി 1984-ന് ശേഷം ഒരു പാര്ട്ടിയ്ക്കും ഇന്ത്യയില് തനിച്ച് ലഭിക്കാത്ത ലോകസഭയിലെ കേവല ഭൂരിപക്ഷം ഈ തരംഗത്തില് ബി.ജെ.പിയ്ക്ക് ലഭിച്ചു. 1984-ല് ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്ന്ന് നടന്ന സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. കലാപത്തിനെ വന്മരങ്ങള് വീഴുമ്പോള് ഭൂമി കുലുങ്ങുമെന്ന കുപ്രസിദ്ധമായ പ്രസ്താവനയിലൂടെ ന്യായീകരിച്ച രാജീവ് ഗാന്ധിയാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നരേന്ദ്ര മോഡിയാകട്ടെ, 2002-ല് ഗുജറാത്തില് താന് മുഖ്യമന്ത്രിയിരിക്കെ നടന്ന മുസ്ലിം കൂട്ടക്കൊലയുടെ ആരോപണം ഇപ്പോഴും പേറുന്നയാളാണ്.
രാഷ്ട്രീയ കക്ഷികള് മാറിമാറി അധികാരത്തിലെത്തുകയും അധികാരത്തിലേക്ക് പാര്ട്ടികള്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന തിരിഞ്ഞെടുപ്പുകള് ഇന്ത്യന് ഖജനാവിന്റെ വലിയൊരു അംശത്തെ ചോര്ത്തിക്കളയുന്ന ചെലവേറിയ പ്രക്രിയയായി നിലനില്ക്കുകയും ചെയ്യുന്നുണ്ട് എന്നത് ഇന്ത്യന് രാഷ്ട്രീയത്തിന്റെ ഗതാനുഗതിയായ ചലനം മാത്രമായാണ് പൊതുസമൂഹം കാണുന്നത്. രാഷ്ട്രീയം എന്നത് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവം വെച്ച് നോക്കുമ്പോള് വിവിധ പാര്ട്ടികള്ക്ക് അധികാരത്തിലെത്താനുള്ള ഒരിടപാടായി മാത്രം പരിമിതപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമീപകാലത്ത് ബദല് രാഷ്ട്രീയ ചിന്തകള് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോന്നലുകള്ക്കും ആശയങ്ങള്ക്കും പ്രസക്തിയും ബഹുജന സ്വീകാര്യതയും ലഭ്യമാകുന്നത്. വ്യവസ്ഥിതിയോടുള്ള വിയോജിപ്പുകളില് നിന്ന് ആരംഭിക്കുകയും ശീലിച്ച അനുഭവങ്ങളെ മറി കടക്കാന് അഭിലഷിക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ മാറിനടപ്പാണ് പുതിയ രാഷ്ട്രീയത്തിന്റെ ആശയങ്ങളെ സ്വാധൂകരിക്കുന്നത്. എല്ലാ രംഗങ്ങളിലും തിരസ്കരിക്കപ്പെടുന്ന ബഹുജനം എന്ന അടിസ്ഥാന വിഭാഗത്തിന്റെ വികാര വിചാരങ്ങളിലെ പരിവര്ത്തനങ്ങള്ക്ക് രാജ്യത്ത് അടിയുറച്ചുപോയ വ്യവസ്ഥിതിയുടെ തകരാറുകളെ മറി കടക്കാന് ശക്തിയുണ്ട്

ആധിപത്യങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ആധിപത്യങ്ങൾക്ക് ഇരയായിട്ടുള്ള ജനതയുടെ കാഴ്ചപ്പാട്. അതൊരു യുദ്ധത്തിന്റെ വഴിയാണ്. അത് രാഷ്ട്രീയമായ കാഴ്ചപ്പാടുമായി മാറി. ഇന്നും അഭിമതമല്ലാത്തതിനെ ചെറുക്കുക എന്നത് എവിടേയും പ്രയോഗിച്ചുവരുന്നു. വ്യക്തി, സമൂഹം, പ്രസ്ഥാനം, സർക്കാർ തുടങ്ങി ആഗോളതലങ്ങളിൽ വരെ. എന്തിനെയൊക്കെ ചെറുക്കാനും എതിരെ പോരാടാനും ശ്രമിച്ചിട്ടുണ്ടോ അവയെല്ലാം പതിന്മടങ്ങ് ശക്തി പ്രാപിച്ചുവരുന്നതാണ് ഇതുവരെയുള്ള അനുഭവം. ചെറുത്തുനിൽപ്പിൽ സർഗാത്മകത ക്ഷീണിക്കുകയും ശക്തി തളരുകയും ചെയ്യും. ആ ക്ഷീണിതമായ ഇടത്തിലൂടെയാണ് പലപ്പോഴും പോരാടപ്പെടുന്നത് ആധിപത്യം വീണ്ടും ഉറപ്പിക്കുന്നത്.

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്.
ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്. പഴയ കാല ചെയ്തികളുടെ പോസ്റ്റ്മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല.

പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പലതുകൊണ്ടും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്ണായകമായിരിക്കുന്നു. കാല്നൂറ്റാണ്ടിന് ശേഷം, മുന്നണി സഹായമില്ലാതെ, ഒറ്റക്കക്ഷിക്ക് തനിച്ച് ഭരിക്കാന് പോലുമുള്ള അവസ്ഥ ഉണ്ടാവുകയും ബി.ജെ.പി. നയിക്കുന്ന എന്.ഡി.എ. മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം രാജ്യത്തിലെ ജനങ്ങള് നല്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന് വന്സ്വാധീനമുണ്ടായിരുന്ന പഴയ കാലഘട്ടത്തില് ഏകകക്ഷി ഭരണം ആദ്യത്തെ മുപ്പത് വര്ഷം ഒരു തുടര്ക്കഥയായിരുന്നു. ചെറിയ ഇടവേളയ്ക്കുശേഷം കോണ്ഗ്രസ്സിന് വീണ്ടും മൂന്നില് രണ്ട് ഭൂരിപക്ഷവും നാലില് മൂന്ന് ഭൂരിപക്ഷവും യഥാക്രമം 1980ലെയും 1984ലെയും തിരഞ്ഞെടുപ്പില് രാജ്യത്തിലെ ജനങ്ങള് നല്കുകയുണ്ടായി. 1989ന് ശേഷം ദേശീയതലത്തില് കഴിഞ്ഞ 25 വര്ഷമായി ഒരു പാര്ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. എന്ന് മാത്രമല്ല കുതിരക്കച്ചവടവും രാഷ്ട്രീയ അസ്ഥിരതയും രാഷ്ട്രസംവിധാനത്തിന് വലിയ ഭീഷണിയുയര്ത്തുകയും െചയ്തു. കുറച്ച് വൈകിയാണെങ്കിലും മുന്നണി രാഷ്ട്രീയം നമ്മുടെ രാജ്യത്ത് സ്ഥിരമാകുന്നൊരു സമ്പ്രദായമായി മാറി. വൈവിധ്യം നിറഞ്ഞതും സങ്കീര്ണവുമായ രാഷ്ട്രീയത്തില് മുന്നണി ഭരണം ഒരു അവശ്യഘടകമായി ലോകമെമ്പാടും മാറുകയുണ്ടായി, പ്രത്യേകിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തില്. നമുക്കും അതില് നിന്ന് മാറാന് പറ്റുകയില്ല.
പക്ഷേ, നയപരമായ പരിപാടികള് ഇല്ലാതെ അവസരവാദ രാഷ്ട്രീയത്തില് കൂടിയുള്ള മുന്നണി രാഷ്ട്രീയം ഭരണസ്തംഭനത്തിന് വഴിതെളിക്കും. രണ്ടാം യു.പി.എ. ഭരണം അതിന് വളരെയധികം ഉദാഹരണങ്ങള് കാണിച്ചുതന്നതാണ്. മന്മോഹന്സിങ്ങ് ഗവണ്മെന്റിന്റെ അവസാനഘട്ടത്തില് ഉണ്ടായ അഴിമതിയും െകടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമെല്ലാം പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. മുതലെടുക്കാന് ശ്രമിച്ചപ്പോള് യു.പി.എ.യില് നിന്ന് പുറത്തുവരാനും ഉത്തരവാദിത്വത്തില് നിന്ന് മാറി നില്ക്കാനും യു.പി.എ.യിലെ ചില സഖ്യകക്ഷികള്ക്ക് കഴിഞ്ഞത് മുന്നണി രാഷ്ട്രീയത്തിന്റെ അപചയമാണ് കാണിച്ചുതന്നത്.

തിരിച്ചടികളില്‍ നിന്നൊന്നും പാഠം പഠിക്കാതെ വരുമ്പോള്‍ ജനകീയപ്രക്ഷോപം പലപ്പോഴും ചരിത്രത്തിലെ അനിവാര്യതയാവാറുണ്ട്. അത്തരമൊരു സാഹചര്യമാണ് ഇന്ത്യയും ഇന്ത്യയെ സ്വതന്ത്രമാക്കിയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 128 വര്‍ഷത്തെ ചരിത്രത്തിലെവിടെയും കാണാത്ത അത്രയും നാണം കെട്ട തോല്‍വി. പ്രതിപക്ഷത്തുപോലും ഇരിക്കാന്‍ യോഗ്യത നല്‍കാതെ വെറും 44 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ഒന്നേകാല്‍ വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനായി വാഴ്ത്തിയതു മുതല്‍ സാമാന്യ രാഷ്ട്രീയ ജ്ഞാനമുള്ളവരൊക്കെ പരാജയം പ്രവചിച്ചതാണ്, ഇത്ര കഠിനമായിരുന്നില്ലെങ്കിലും. രാഹുലിനെ ഭരണത്തിന്റെ തലപ്പത്തിരുത്താനുള്ള ത്വരയും, ഭരണപരിചയമോ ലോകപരിചയമോ ഇല്ലാത്ത അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അതിസ്വാതന്ത്ര്യം കൊടുത്തതും വ്യക്തമായ വീക്ഷണങ്ങളില്ലാത്തതുമൊക്കെയാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടത്. അതിനേക്കാളുപരി കോണ്‍ഗ്രസ്സുകാരും ഗാന്ധികുടുംബവും തിരിച്ചറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. മാറിയ കാലത്തെ രാഷ്ട്രീയ രംഗത്ത് കുടുംബ മഹിമയുടെ പേരിന് വലിയ സ്വാധീനമൊന്നുമില്ലെന്ന്. നൂതന വാര്‍ത്താവിനിമയ ഉപകരണങ്ങളുടേയും വിവര സാങ്കേതിക വിദ്യയുടേയും കാലത്ത് ജീവിക്കുന്ന ജനങ്ങള്‍ രാജീവിന്റേയും ഇന്ദിരയുടേയും കാലത്തെ ജനങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്ന് ശഠിക്കരുത്. അത് മനസ്സിലാക്കാതെ പോയതാണ് കോണ്‍ഗ്രസ്സിന് പറ്റിയ വീഴ്ച. അത് മനസ്സിലാക്കിയതുകൊണ്ടാണ് വര്‍ഗ്ഗവെറിയുടേയും വെറുപ്പിന്റേയും കറകളുണ്ടായിട്ടും നരേന്ദ്രമോഡി നയിക്കുന്ന ബി.ജെ.പിക്കു മേല്‍ ജനഹിതം പതിഞ്ഞത്.

വരാന് പോകുന്ന കാലഘട്ടത്തില് കോണ്ഗ്രസ് പാര്ട്ടി നേരിടാന് പോകുന്ന വെല്ലുവിളികള് കുറച്ചൊന്നുമല്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടത്തില് ഉണ്ടായതുപോലുള്ള ശക്തമായ നേതൃത്വം കോണ്ഗ്രസ്സിന് ഇല്ല. നരേന്ദ്രമോദിക്കൊപ്പം മത്സരിക്കാന് പ്രാപ്തിയുള്ള നേതാവിനെയും നേതൃത്വത്തെയും തയാറാക്കാന് കഴിയാത്തത് തന്നെയാണ് ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം. സംഘടനാപരമായ ശേഷിക്കുറവും പോഷകസംഘടനകളുടെ ദുര്ബലതയും യുവാക്കളെ വേണ്ടുംവിധം പാര്ട്ടിയിലേക്ക് ആകര്ഷിക്കാന് കഴിയാത്തതും വലിയ പോരായ്മകളായി തുടരുന്നു. കോണ്ഗ്രസ് പാര്ട്ടിയും യു.പി.എ. സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കാന് പലപ്പോഴും കഴിഞ്ഞതുമില്ല. ദേശീയതയും മതേതരത്വവും സാമൂഹ്യനീതിയും ഉയര്ത്തിക്കാട്ടാന് കഴിയുന്ന ശക്തമായ നേതൃത്വം ഇന്ന് കോണ്ഗ്രസ് പാര്ട്ടിക്ക് ആവശ്യമാണ്.
നേതൃത്വവും സംഘടനാശക്തിയും ഉയര്ന്നാല് മാത്രമേ കോണ്ഗ്രസ് പാര്ട്ടിക്ക് തിരിച്ചുവരാന് കഴിയുകയുള്ളൂ. അതല്ലെങ്കില് കോണ്ഗ്രസ് പാര്ട്ടിയുടെ ശക്തിക്ഷയത്തില് മുതലെടുക്കുന്നത് പ്രാദേശികപാര്ട്ടികളും പ്രധാനപ്പെട്ട ദേശീയ കക്ഷിയായ ബി.ജെ.പി.യും ആയിരിക്കും. വരും ദിനങ്ങളില് കോണ്ഗ്രസ് പാര്ട്ടിയില് ഇതൊക്കെ വലിയ ചര്ച്ചയ്ക്ക് വഴിവെക്കാന് ഇടയുണ്ട്. ഒരു ആത്മപരിശോധന കോണ്ഗ്രസ് പാര്ട്ടിക്ക് ഇന്ന് വളരെ ആവശ്യമാണ്.

സോണിയാഗാന്ധിയും രാഹുല്ഗാന്ധിയുമൊഴികെ കോണ്ഗ്രസ്സിന്റെ മിക്കവാറുമെല്ലാ പ്രധാനനേതാക്കളും വന് പരാജയത്തെയാണ് നേരിട്ടത്. വിദേശകാര്യ മന്ത്രി സല്മാന് ഖുര്ഷിദ് യു.പി.യിലെ ഫാറൂഖാബാദില് 10 ശതമാനം വോട്ടുപോലും നേടാനാകാതെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടാണ് പരാജയമടഞ്ഞത്. ബി.ജെ.പി. ഈ വിധം തൂത്തുവാരുമെന്ന് എതിരാളികളോ ബി.ജെ.പി. തന്നെയോ കരുതിയിരുന്നതല്ല. പ്രചാരണസമയത്തെ അഭിപ്രായസര്വേകളും എക്സിറ്റ് പോളുകളും ചൂണ്ടിക്കാട്ടിയതിനേക്കാള് വലിയ വിജയമാണ് ബി.ജെ.പി. കൈവരിച്ചത്.
കഴിഞ്ഞ 10 വര്ഷക്കാലം തുടര്ച്ചയായി ഭരിച്ച, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാരാജ്യം ഏറ്റവും കൂടുതല് കാലം ഭരിച്ച, മറ്റേത് പാര്ട്ടിയേക്കാളും ഇന്ത്യയൊട്ടുക്കും വേരുകളുള്ള കോണ്ഗ്രസിന് ഈ തിരഞ്ഞെടുപ്പില് നേരിട്ടത് നാണംകെട്ട പരാജയമാണ്. മൊത്തം സീറ്റുകളുടെ പത്തിലൊന്നുപോലും നേടാനാവാത്ത പരാജയം. മുമ്പൊരിക്കലും ഇത്രയും ദയനീയമായി കോണ്ഗ്രസ് ലോക്സഭയില് തോറ്റിട്ടില്ല. കോണ്ഗ്രസ്സിനും സഖ്യകക്ഷികള്ക്കുമായി രണ്ടക്ക വിജയം (12 സീറ്റുകള്) നല്കിയ ഏക സംസ്ഥാനം കേരളമാണ്. മോദി കൊടുങ്കാറ്റിലും ബി.ജെ.പി.യെ അകറ്റിനിര്ത്തിയ ചില സംസ്ഥാനങ്ങളിലൊന്നും കേരളമാകുന്നു.

ഇന്ത്യ മുഴുവന് ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള് കേരളവും തമിഴ്നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. മോദി തരംഗം കേരളത്തെ സ്പര്ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്കാരിക നിലവാരത്തെയുമൊക്കെ ഉയര്ത്തിക്കാട്ടുന്നു.
നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്ക്കാരിനെ പ്രാപ്തനാക്കാന്‍ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമാണ്‌ നാം ഇവിടെ ദര്‍ശിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളായ ഹൈന്ദവ ഫാസിസവും ആഗോളീകരണവും തൂത്തെറിയുവാന്‍ ഇഛാശക്തിയുള്ള, ജനപക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാറാണ്‌ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്.
ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന് ജനാധിപത്യത്തില് പൗരന്മാര്ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല് പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന് ആര്ക്കും സാധിക്കുകയുമില്ല.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍, ജനങ്ങള്‍ക്കുവേണ്ടി ഈ പോരാട്ടം ഏറ്റെടുടുത്തികൊണ്ട് രാജ്യത്തെ പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ നല്ലൊരു പ്രതിപക്ഷമായി ഫാസിസത്തിലേക്കുള്ള തിരിച്ചുപോക്കിനെ തടയിടേണ്ടുന്നതും, ഒപ്പം ഭൂരിപക്ഷ വര്‍ഗ്ഗീയതയെന്ന കൊടുംകാറ്റിനെതിരെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളും അവകാശങ്ങളും സം‌രക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ഇവിടെ പ്രസക്തമാകുകയാണ്‌. 

2014, ഏപ്രിൽ 9

ഫാസിസത്തേയും ആഗോളീകരണത്തേയും തൂത്തെറിയുക...!

ജനാധിപത്യസങ്കല്‍പ്പത്തിന്റെ അടിസ്ഥാന ചോദ്യം. അത് ജനങ്ങള്‍ക്ക് എന്നതാണ്. അധികാരം പ്രയോഗിക്കാനുള്ള സംവിധാനമാണ് ജനാധിപത്യം എന്നാണ് പൊതുവിലുള്ള വിശ്വാസം.ആഢ്യനും ധനികനും പുരുഷനും അഭ്യസ്തവിദ്യനുമൊക്കെ കൈകാര്യം ചെയ്യേണ്ട അധികാരത്തില്‍ കൃഷിക്കാരനും പാവപ്പെട്ടവനും തൊഴിലാളിക്കും സ്ത്രീക്കുമൊന്നും പങ്കില്ലെന്നായിരുന്നു മുന്‍പത്തെ വിശ്വാസം. 

ജനാധിപത്യസ്ഥാപനങ്ങള്‍ ജനവിരുദ്ധമായി മാറുന്നതെങ്ങിനെ എന്ന് വിശദീകരിച്ചത് കാറല്‍ മാര്‍ക്‌സായിരുന്നു. സ്വാതന്ത്ര്യവും സമത്വവും ഭരണഘടനയില്‍ മാത്രം ഉണ്ടായാല്‍പോര, മൂര്‍ത്തജീവിതത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതായത് ജനാധിപത്യം കേവലം ഭരണകൂട രൂപമല്ല എന്നര്‍ത്ഥം. വാസ്തവത്തില്‍ ഭരണകൂടങ്ങളെല്ലാം നിലവില്‍ വന്നത് ജനകീയാധികാരത്തെ പരിമിതപ്പെടുത്താനായിരുന്നു. ആ അധികാരത്തെ അധീശവര്‍ഗ്ഗത്തിന്ക വര്‍ന്നെടുക്കാനായിരുന്നു. നീതിയും നിയമവും പീഢിതര്‍ക്ക് നിഷേധിക്കുന്ന സാഹചര്യമാണ് ഭരണകൂടം സൃഷ്ടിക്കുന്നത്. അവരുടെ അധികാരം കവരുന്നു. പകരം ലഭിക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ്. 
തിരഞ്ഞെടുത്തവരായിരിക്കാം ജനാധിപത്യത്തില്‍ അധികാരികള്‍. എന്നാല്‍ ജനങ്ങള്‍ നല്‍കാത്ത അവകാശങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കെന്തധികാരം എന്ന ചിന്താധാരയിലൂടെവേണം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണാന്‍. 

വാസ്തവത്തില്‍ അദൃശ്യര്‍ ദൃശ്യരാകുന്ന സംവിധാനമാണ് ജനാധിപത്യ സം‌വിധാനത്തില്‍ തിരഞ്ഞെടുപ്പ്. വോട്ടുരാഷ്ട്രീയത്തിന്റെ രാഷ്ട്രീയ അജണ്ടയില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വോട്ടുചെയ്യാന്‍ വരുന്നതിലൂടെ, അതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. അതാണ് രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്റെ ഇടങ്ങള്‍ ചുരുക്കാനാണ് നേരത്തെ പറഞ്ഞ അധീശ ശക്തികള്‍ ശ്രമിക്കുന്നത്. അതിനായി പലതും അവരുപയോഗിക്കും. സ്ത്രീകളെ നിയന്ത്രിക്കാന്‍ പുരുഷാധിപത്യം ഉപയോഗിക്കുന്നു. മതവും തത്വചിന്തകളുമെല്ലാം അതിനായി ഉപയോഗിക്കുന്നു. അങ്ങനെ പീഡിതരില്‍നിന്ന് അധികാരം അന്യവല്‍ക്കരിക്കുന്നു. അന്യവല്‍ക്കരിക്കപ്പെട്ട അധികാരത്തെ തിരിച്ചുപിടിക്കലാണ് ജനാധിപത്യം.
ഇന്ത്യ നേരിടുന്ന വെല്ലുവിളി ആഗോളീകരണത്തിന്റേയും അതുമായി ബന്ധപ്പെട്ട നിയോ ലിബറലിസത്തിന്റേതുമാണ്. വിദേശമൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനായി രാജ്യത്തിന്റെ മുഴുവന്‍ വാതിലുകളും തുറന്നു കൊടുത്തു. സാര്‍വ്വദേശീയത എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ആഗോളീകരണം. സാര്‍വ്വദേശീയത മുഴുവന്‍ രാഷ്ട്രങ്ങളുടേയും സാഹോദര്യത്തിലും തുല്ല്യതയിലുമാണ് വിശ്വസിക്കുന്നതെങ്കില്‍ ആഗോളീകരണം ഒരു രാജ്യത്തിന്റെ ആധിപത്യത്തിന്റെ സംജ്ഞയാണ്. അത് ലോകത്തെ വിപണി കേന്ദ്രീകൃതമാക്കുന്നു. അതിന്റെ വളര്‍ച്ചക്കായി വൈജാത്യങ്ങള്‍ ഇല്ലാതാക്കുന്നു. ലോകത്തെ ഏക ശിലാഖണ്ഡമാക്കാന്‍ ശ്രമിക്കുന്നു. അതിനായി യുദ്ധം പോലും കയറ്റുമതി ചെയ്യുന്നു. ജനാധിപത്യ സ്ഥാപനത്തിന്റെ പേരു പറഞ്ഞുപോലും മറ്റു രാഷ്ട്രങ്ങളിലേക്ക് പട്ടാളത്തെ അയക്കുന്നു. ചുരുക്കത്തില്‍ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ആധുനികരൂപമാണ് ആഗോളീകരണം.

കോര്‍പ്പറേറ്റുകളുടെ സ്വാതന്ത്ര്യം കര്‍ഷകരുടെ ആത്മഹത്യകളിലേക്കെത്തി. ഖനികളടക്കമുള്ള മുഴുവന്‍ പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയപ്പോള്‍ ആദിവാസികളും ദളിതുകളും മറ്റു ദരിദ്രവിഭാഗങ്ങളും സ്വന്തം മണ്ണില്‍ നിന്നുപോലും തൂത്തെറിയപ്പെട്ടു. ധനിക – ദരിദ്ര അന്തരം വളരെ കൂടി. പൊതുമേഖലകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെല്ലാമെതിരായ മുന്നേറ്റങ്ങളെ മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും അടിച്ചമര്‍ത്തുന്നു. ഈ നയങ്ങള്‍ നമ്മെ നയിക്കുന്നത് ഫാസിസവല്‍ക്കരണത്തിലേക്കുതന്നെ.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളായ ഹൈന്ദവ ഫാസിസവും ആഗോളീകരണവും തൂത്തെറിയുവാന്‍ ഇഛാശക്തിയുള്ള, ജനപക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാറാണ്‌ ഉണ്ടാകേണ്ടത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍, ജനങ്ങള്‍ക്കുവേണ്ടി ഈ പോരാട്ടം ഏറ്റെടുക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ.