ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2014, ഏപ്രിൽ 9

ഫാസിസത്തേയും ആഗോളീകരണത്തേയും തൂത്തെറിയുക...!

ജനാധിപത്യസങ്കല്‍പ്പത്തിന്റെ അടിസ്ഥാന ചോദ്യം. അത് ജനങ്ങള്‍ക്ക് എന്നതാണ്. അധികാരം പ്രയോഗിക്കാനുള്ള സംവിധാനമാണ് ജനാധിപത്യം എന്നാണ് പൊതുവിലുള്ള വിശ്വാസം.ആഢ്യനും ധനികനും പുരുഷനും അഭ്യസ്തവിദ്യനുമൊക്കെ കൈകാര്യം ചെയ്യേണ്ട അധികാരത്തില്‍ കൃഷിക്കാരനും പാവപ്പെട്ടവനും തൊഴിലാളിക്കും സ്ത്രീക്കുമൊന്നും പങ്കില്ലെന്നായിരുന്നു മുന്‍പത്തെ വിശ്വാസം. 

ജനാധിപത്യസ്ഥാപനങ്ങള്‍ ജനവിരുദ്ധമായി മാറുന്നതെങ്ങിനെ എന്ന് വിശദീകരിച്ചത് കാറല്‍ മാര്‍ക്‌സായിരുന്നു. സ്വാതന്ത്ര്യവും സമത്വവും ഭരണഘടനയില്‍ മാത്രം ഉണ്ടായാല്‍പോര, മൂര്‍ത്തജീവിതത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതായത് ജനാധിപത്യം കേവലം ഭരണകൂട രൂപമല്ല എന്നര്‍ത്ഥം. വാസ്തവത്തില്‍ ഭരണകൂടങ്ങളെല്ലാം നിലവില്‍ വന്നത് ജനകീയാധികാരത്തെ പരിമിതപ്പെടുത്താനായിരുന്നു. ആ അധികാരത്തെ അധീശവര്‍ഗ്ഗത്തിന്ക വര്‍ന്നെടുക്കാനായിരുന്നു. നീതിയും നിയമവും പീഢിതര്‍ക്ക് നിഷേധിക്കുന്ന സാഹചര്യമാണ് ഭരണകൂടം സൃഷ്ടിക്കുന്നത്. അവരുടെ അധികാരം കവരുന്നു. പകരം ലഭിക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ്. 
തിരഞ്ഞെടുത്തവരായിരിക്കാം ജനാധിപത്യത്തില്‍ അധികാരികള്‍. എന്നാല്‍ ജനങ്ങള്‍ നല്‍കാത്ത അവകാശങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കെന്തധികാരം എന്ന ചിന്താധാരയിലൂടെവേണം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണാന്‍. 

വാസ്തവത്തില്‍ അദൃശ്യര്‍ ദൃശ്യരാകുന്ന സംവിധാനമാണ് ജനാധിപത്യ സം‌വിധാനത്തില്‍ തിരഞ്ഞെടുപ്പ്. വോട്ടുരാഷ്ട്രീയത്തിന്റെ രാഷ്ട്രീയ അജണ്ടയില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വോട്ടുചെയ്യാന്‍ വരുന്നതിലൂടെ, അതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. അതാണ് രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്റെ ഇടങ്ങള്‍ ചുരുക്കാനാണ് നേരത്തെ പറഞ്ഞ അധീശ ശക്തികള്‍ ശ്രമിക്കുന്നത്. അതിനായി പലതും അവരുപയോഗിക്കും. സ്ത്രീകളെ നിയന്ത്രിക്കാന്‍ പുരുഷാധിപത്യം ഉപയോഗിക്കുന്നു. മതവും തത്വചിന്തകളുമെല്ലാം അതിനായി ഉപയോഗിക്കുന്നു. അങ്ങനെ പീഡിതരില്‍നിന്ന് അധികാരം അന്യവല്‍ക്കരിക്കുന്നു. അന്യവല്‍ക്കരിക്കപ്പെട്ട അധികാരത്തെ തിരിച്ചുപിടിക്കലാണ് ജനാധിപത്യം.
ഇന്ത്യ നേരിടുന്ന വെല്ലുവിളി ആഗോളീകരണത്തിന്റേയും അതുമായി ബന്ധപ്പെട്ട നിയോ ലിബറലിസത്തിന്റേതുമാണ്. വിദേശമൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനായി രാജ്യത്തിന്റെ മുഴുവന്‍ വാതിലുകളും തുറന്നു കൊടുത്തു. സാര്‍വ്വദേശീയത എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ആഗോളീകരണം. സാര്‍വ്വദേശീയത മുഴുവന്‍ രാഷ്ട്രങ്ങളുടേയും സാഹോദര്യത്തിലും തുല്ല്യതയിലുമാണ് വിശ്വസിക്കുന്നതെങ്കില്‍ ആഗോളീകരണം ഒരു രാജ്യത്തിന്റെ ആധിപത്യത്തിന്റെ സംജ്ഞയാണ്. അത് ലോകത്തെ വിപണി കേന്ദ്രീകൃതമാക്കുന്നു. അതിന്റെ വളര്‍ച്ചക്കായി വൈജാത്യങ്ങള്‍ ഇല്ലാതാക്കുന്നു. ലോകത്തെ ഏക ശിലാഖണ്ഡമാക്കാന്‍ ശ്രമിക്കുന്നു. അതിനായി യുദ്ധം പോലും കയറ്റുമതി ചെയ്യുന്നു. ജനാധിപത്യ സ്ഥാപനത്തിന്റെ പേരു പറഞ്ഞുപോലും മറ്റു രാഷ്ട്രങ്ങളിലേക്ക് പട്ടാളത്തെ അയക്കുന്നു. ചുരുക്കത്തില്‍ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ആധുനികരൂപമാണ് ആഗോളീകരണം.

കോര്‍പ്പറേറ്റുകളുടെ സ്വാതന്ത്ര്യം കര്‍ഷകരുടെ ആത്മഹത്യകളിലേക്കെത്തി. ഖനികളടക്കമുള്ള മുഴുവന്‍ പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയപ്പോള്‍ ആദിവാസികളും ദളിതുകളും മറ്റു ദരിദ്രവിഭാഗങ്ങളും സ്വന്തം മണ്ണില്‍ നിന്നുപോലും തൂത്തെറിയപ്പെട്ടു. ധനിക – ദരിദ്ര അന്തരം വളരെ കൂടി. പൊതുമേഖലകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെല്ലാമെതിരായ മുന്നേറ്റങ്ങളെ മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും അടിച്ചമര്‍ത്തുന്നു. ഈ നയങ്ങള്‍ നമ്മെ നയിക്കുന്നത് ഫാസിസവല്‍ക്കരണത്തിലേക്കുതന്നെ.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളായ ഹൈന്ദവ ഫാസിസവും ആഗോളീകരണവും തൂത്തെറിയുവാന്‍ ഇഛാശക്തിയുള്ള, ജനപക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാറാണ്‌ ഉണ്ടാകേണ്ടത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍, ജനങ്ങള്‍ക്കുവേണ്ടി ഈ പോരാട്ടം ഏറ്റെടുക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ. 

1 അഭിപ്രായം: