ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2014, സെപ്റ്റംബർ 24

കവിയും കവിതയും:

കവി ഒരു സാമൂഹിക ജീവിയാണ്, എല്ലാ പൗരന്മാരേയും പോലെ കവിക്കും സമൂഹത്തോട് കടപ്പാടും ബന്ധവുമുണ്ട്.
എഴുത്തുകാരന് വായനക്കാരനോടും അതിലൂടെ സമൂഹത്തോടും എന്തെങ്കിലും ഉത്തരവാദിത്തവുമുണ്ട്. വായനക്കാരന് വായിക്കാനല്ലെങ്കില് പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഓരോ സ്വത്വപ്രകാശനവും, സാമൂഹികമായും സാംസ്കാരികമായുമുള്ള കടമയും ബാദ്ധ്യതകളും നിറവേല്‍ക്കപ്പെടേണ്ടതുമാകണം.
ഓരോ കവികളുടേയും സ്വായത്തസിദ്ധികളും ശീലവിശേഷങ്ങളും അനുസരിച്ചാണ് ഭാഷയുടെ പ്രയോഗങ്ങളും സം‌വിധാനങ്ങളും ഉണ്ടാകുന്നത്. ഒരു ചിത്തവൃത്തിയുടെ ഭാവവിശിഷ്ടമായ ആവിഷ്ക്കാരമായിരിക്കണം കവിത. പദങ്ങളുടെ താളമേളത്തിലും, കൗതുകകരമായ കല്പ്പനകളിലും രസം ഉളവാക്കണം. ആ രസം ആയാസരഹിതവുമായിരിക്കണം. അതിലൂടെ ഹൃദയസംവാദപരവുമായിരിക്കണം. ആധുനികത എന്ന തരത്തില് ഇന്നുകാണുന്ന കവിതകളില് ഇത്തരം അനുഭൂതികള് അനുവാചകരിലേക്ക് പകരാന് നവമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നവര്‍‌ക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
കവിത ആത്മാവിന്റെ ഭാഷയാണ്. അല്ലെങ്കില് പരോക്ഷമായ ആശയങ്ങളുടെ പ്രത്യക്ഷമായ രൂപങ്ങളാണ്.



വൃത്തവും പ്രാസവും കൊണ്ടല്ല, പകരം ഭാവനാ വിലാസം കൊണ്ടും ആലങ്കാരികത കൊണ്ടുമാണ് ഒരു വാക്യം കവിതയായിതീരുന്നത്. അതുകൊണ്ടാണ് ഒരു സാഹിത്യകാരന് ഇപ്രകാരം പറഞ്ഞത്, 'കവിത ഒരു സംസാരമാണ്. അതില് ഏറ്റവും മെച്ചപ്പെട്ടത് ഏറ്റവും ഭാവനാത്മകമായതാണ്'
ചീത്ത ഗദ്യത്തേക്കാള് ദുസ്സഹമാണ് ചീത്ത പദ്യം എന്ന് ഗുപ്തന് നായര് പറഞ്ഞിട്ടുണ്ട്. ഗദ്യത്തില് നിന്ന് വലിയ സൗന്ദര്യോല്‍ക്കര്‍ഷങ്ങളൊന്നും നാം സാധാരണ പ്രതീക്ഷിക്കാറില്ല. ഇടക്കെങ്ങാന് ഭംഗിയുള്ള ഒരു വാക്യമോ രമ്യകല്‍‌പ്പനയോ കണ്ടാല് നാം ഉണര്‍‌ന്ന് രസിക്കും. പിന്നീട് കഥയുടെ രസചരടിലൂടെ മുന്നോട്ടുള്ള പ്രയാണം തുടരും എന്നുമാത്രം. എന്നാല് കവിത അതല്ല, രസത്തിലൂടെ ചിന്തയുടെ വയോക്തിക രസവും കടന്ന് അനുഭൂതിയുടെ ഒരു മായാവലയത്തിലേക്ക് നമ്മെ കൈപിടിച്ചുകടത്തുന്നു. ആ അനുഭൂതിയുടെ ലഹരി നമ്മളെ ഭാവനയുടെ മറ്റൊരു ഉദാത്തലോകത്തിലേക്ക് കൈപിടിച്ചുയര്‍‍ത്തുന്നു. പദങ്ങളുടെ കല്‍പ്പനകളിലൂടെ വികാരങ്ങളുടെ രസകൃയാപരതകളിലൂടെ, പലപ്പോളും വികാരതലങ്ങളില്‍നന്നും അര്‍ത്ഥതലങ്ങളിലേക്ക് കടക്കുന്നത് നാം അറിയുകപോലുമില്ല.
രസാസ്വാദനത്തിലൂടെ നമുക്കുള്ളില് ഹര്‍ഷാത്മകമായ വേഗസഞ്ചാരം ഉണ്ടാകുകയും അതിലൂടെ അനുഭവഭേദ്യവുമാകണം എന്ന് എ. ഇ. ഹുസുമാന് കവിതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
കവിതാകമ്പക്കരില് ഭൂരിഭാഗവും കവിത എഴതുന്നവരുമാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. കവിത ജനിക്കാന് തുടങ്ങുമ്പോള് പലപ്പോളും കവിയുടെ കയ്യില് കുറച്ചു രൂപകല്പ്പനകളും ആദ്യാവസാനങ്ങളുടെ അന്തര്‍‍ബോധവും മാത്രമേ ഉണ്ടാകൂ. ഇതിലൂടെ പ്രകാശിപ്പിക്കേണ്ടുന്ന ഒരാശയത്തിന്റെ പര്യടനം നിര്വഹിക്കാനുണ്ടെന്നും അറിയാം. ഇടയിലുള്ള വിശദാംശങ്ങള്, മനസ്സിനുള്ളിലെ അന്തര്‍‌സമരത്തിലൂടെ ഉരുത്തിരിഞ്ഞുവരികയും ചെയ്യുന്നു. കവികളുടെ മനസ് ബോധമണ്ഡലത്തിലും ഭാവനാ മണ്ഡലത്തിലും ഒരുപോലെ സഞ്ചരിക്കുകയും ചെയ്യുന്നു.
പലപ്പോഴും ഈ പുറത്തേക്കു വരുന്ന രൂപത്തെ മുഴുവനായും, കവി ഉദ്ദേശിക്കുന്നയര്‍ത്തില് മനസ്സിലാക്കാന് അനുവാചകര്‍ക്കു  സാധിക്കണമെന്നില്ല. ഒരേ ഒരു പോംവഴിയേ അനുവാചകരുടെ മുമ്പിലുള്ളൂ. കവിയുടെ ഉള്ളിലേക്ക് കടന്നുകയറി കവിയുടെ മനസ്സുമായി താദാത്മ്യം പ്രാപിക്കുക. ഇതിലെ അവ്യക്തതകള് ഒരു പരിധിവരെ നമുക്ക് പ്രാപ്യമെങ്കിലും ചില അപ്രാപ്യമായ അവ്യക്തതകള് അവിടെ കുമിഞ്ഞുകൂടാന് സാധ്യതയുണ്ട്. കവിതയിലെ ആശയം പ്രകാശിപ്പിക്കുമ്പോള് മദ്ധ്യത്തില് രൂപം കൊള്ളുന്ന അലങ്കാര പ്രയോഗങ്ങള് ആധുനിക കവിതകളെ മനസ്സിലാക്കാന് ദുര്‍ഗ്രഹതയുണ്ടാക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നാല് ഈ ദുര്‍ഗ്രഹതയും സന്നിഗ്ദതയുമൊന്നുമില്ലാത്ത കവിതകള് എന്തുകൊണ്ട് സാധാരണക്കാരിലേക്ക് എത്തുന്നില്ല..?
ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില് സന്തോഷിക്കാത്തവര് കുറവാണ്.
മലയാളത്തില് ആദ്ധ്യാത്മരാമായണം കഴിഞ്ഞാല് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം ചങ്ങമ്പുഴയുടെ രമണനാണ്. എന്നാല് ഇന്ന് രമണന് പോലെ വായിക്കപ്പെടുന്ന എത്ര കവിതകള് ഉണ്ട് എന്നതും, എന്തുകൊണ്ട് അത്തരം കവിതകള് ഉണ്ടാകുന്നില്ല എന്നതും, അല്ലെങ്കില് അത്തരം കവിതകള് അനുവാചകര് എന്തുകൊണ്ട് തിരസ്ക്കരിക്കുന്നു എന്നതും പരിശോധിക്കേണ്ടതാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ട്,കവിതകള്‍ക്കു നേരെയുള്ള വായനക്കാരന്റെ വിമുഖത പരിശോധനക്കു വിധേയമാക്കേണ്ടതാണ്.
റീവ്സ് പറഞ്ഞിട്ടുള്ളത് 'കവിതയോടുള്ള പ്രേമം ഹൃദയത്തിന്റെ സ്വകാര്യമാണ്, ആരേയും പ്രേരിപ്പിച്ച് പ്രേമിപ്പിക്കാനാകില്ല' എന്നാണ്.
കവിതയെ പ്രേമിക്കല് ഇണയെ പ്രേമിക്കുന്നതില്‍‌നിന്നും വിഭിന്നവുമാണ്. ഇണയുമായിട്ടുള്ള പ്രണയം, ഒരു കാരണം കൂടാതെ അല്ലെങ്കില് തക്കതായ കാരണംകൊണ്ട് ഇണയോടുള്ള പ്രേമത്തില്‍നിന്നും തെന്നിമാറാം. ആദ്യം തോന്നുന്ന ഹരം പിന്നീട് ഇല്ല്യാതെയുമാകാം. എന്നാല് കവിതയോടുള്ള ബന്ധത്തില് അസഫലതകളുടെ അങ്കലാപ്പുകള്‍ക്ക്  സ്ഥാനമില്ല. കവിതയുടെ പ്രണയ പ്രകടനങ്ങള്‍‍ക്കെതിരായി ഒരിക്കലും ഒരാള്‍ക്കും മുഖം തിരിക്കാനാവികയുമില്ല. നിങ്ങള് നല്കുലന്നിടത്തോളം ഇങ്ങോട്ടും തിരിച്ചുകിട്ടും. നിര്‍വികകാരതയോ, കപടവിലാസമോ, വിശ്വാസവഞ്ചനയോ ഒന്നും അവിടെ സംഭവിക്കുകയില്ല.
വിവിധ കലാരൂപങ്ങളില്‍‌വച്ച് കവിതക്കു മാത്രം എന്താണീ പ്രത്യേക സ്വഭാവം..? കവിത മറ്റെല്ലാ സാഹിത്യരൂപത്തേക്കാളും സൂഷ്മവും നൈസര്‍ഗ്ഗികവുമാണ്. ആശയനിരപേക്ഷതയിലൂടെ രൂപസംവിധാനത്തിലേക്കും അതിലൂടെ വികാരതലത്തിലേക്കും കടന്നു ചെല്ലും. അതെ അതാണ് കവിത.
കവിതയില് വിചാരവും, വികാരവും ഉണ്ടായിരിക്കണം
രണ്ടും ഭാവനോത്തേചകമായിരിക്കുകയും വേണം
അവ ഹൃദയത്തില് ചമത്ക്കാരങ്ങള് ജനിപ്പിക്കുകയും വേണം.
രസാത്മകമായ വാക്യമാണ് കാവ്യം എന്ന് ആചാരന്മാര് കവിതയെ വിവക്ഷിച്ചിരിക്കുന്നു. എന്നാല് രമണീയമായ അര്‍ത്ഥത്തെ പ്രതിപാതിപ്പിക്കുന്ന ശബ്ദത്തെ കാവ്യമെന്ന് പണ്ഡിതര് പറഞ്ഞിരിക്കുന്നു. ഭാവനയുടെ വാഗ്‌രൂപമെന്ന് ഷെല്ലിയും, ഉത്തമ പദങ്ങള് ഉത്തമ സംവിധാന ശൈലിയില് എന്ന് കേള്റി്ജും, ഉല്‍ക്കടവികാരങ്ങളുടെ നൈസര്‍ഗ്ഗിക പ്രവാഹമെന്ന് വേഡ്സ് വര്‍ത്തും  പറഞ്ഞിരിക്കുന്നു.

എന്നാല് ഒരൊറ്റ ശരിയാണ് കവിയെ കവിതയാക്കുന്നത്... ഭാവന..!
കവി ബ്രഹ്മാവിനു തുല്യനായ സൃഷ്ടാവായാണ് ഭാരതീയ പാരമ്പര്യം കണക്കാക്കുന്നത്. ഒരാളെ കവിയാക്കുന്നതിന് മൂന്നു സിദ്ധിക‌ള് വേണം. പ്രതിഭ, വ്യുല്പ്പത്തി, അഭ്യാസം. ജന്മസിദ്ധമായ പ്രതിഭ, പതിരില്ലാത്ത പഠനം, നിരന്തരമായ ഉല്‍സാഹം. ഇതില് ജന്മസിദ്ധമായ പ്രതിഭാ ദാരിദ്ര്യമാണ് പലപ്പോഴും ഇന്ന് നാം നവമാധ്യമങ്ങളിലൂടെ കാണുന്നത്.
എന്നാല് കവിത ആസ്വദിക്കുന്നതിന് ഒരു സഹൃദയനു മാത്രമേ കഴിയൂ.
ആരാണ് സഹൃദയന്..?
'കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവര്‍ത്തനം നിമിത്തം, നിര്‍മ്മലീഭവിച്ച മനോഹരദര്‍പ്പണത്തില് വര്‍ണ്ണനീയവസ്തുവായ വിഭാവാദിയുടെ തന്മയീഭാവത്തിനുള്ള യോഗ്യത നേടിയവനാണ് സ്വഹൃദയസംവാദഭാക്കാരായ സഹൃദയന്മാര്' അഭിനവഗുപ്തന് സഹൃദയനെവിവക്ഷിച്ചിട്ടുള്ളത് ഇപ്രകാരമാണ്.
എന്നാല് എല്ലാ സഹൃദയരും ഒരേ തരക്കാരല്ല. ഒരേ നിലവാരമുള്ളവരുമല്ല. "ഒരേ കാവ്യം രണ്ടുപേര് വായിക്കുന്നില്ല"
ഓരോ സഹൃദയനും തന്റെ മാനസികനിലവാരമനുസരിച്ച് പലതട്ടുകളിലാണ്. ഒരുവന് മധു മറ്റൊരുവന് വിഷമാണ്.
എഴുത്തു പോലെതന്നെ മറ്റു സാഹിത്യ രചനകളില്‍നിന്നും വ്യത്യസ്ഥമായി കാവ്യം ഗ്രഹിക്കാനാണ് കൂടുതല് ആസ്വാദ്യം വേണ്ടുന്നത്. സൂഷ്മസംവേദനശേഷിയുള്ള മനസ്സും, വികാര സംവേദനശീലവും കാവ്യഗ്രഹനത്തിനു വേണം.

തന്റെയുള്ളില് നീറിപുകഞ്ഞ അഥവാ തന്നെ തന്നെ ആനന്ദത്തില് ആറാടിച്ച അനുഭൂതികളെ തനിക്കാകാവുന്നയത്ര സഭ്യതാശക്തിയോടെയും, ഫലകാമിതയോടെയും പറയാന് ശ്രമിക്കുകയാണ് കവി. അതിനു വേണ്ടി ഭാഷയെ വളക്കുകയും, മെരുക്കുകയും ചെയ്യുന്നു.. കല്‍‌പ്പനകളെ കൂട്ടുപിടിക്കുന്നു... ആശയങ്ങളെ ചമല്‍ക്കരിക്കുന്നു.
റ്ജുവായ സ്വഭാവേക്തിയല്ല, വക്രോക്തിയാണ് കവിതയുടെ ശൈലി. നാം ഇന്നു കാണുന്ന ഏതു കാവ്യ വൈകൃതത്തിനും അവര്‍ക്കുള്ള ഒറ്റ സമാധാനം അതു ആധുനികം ആണത്രേ. എന്നാല് ഇത് ആസ്വദിക്കാന് പുതിയകാലത്തിന്റെ ആസ്വാദനക്ഷമതോ, പുതിയ താളബോധമോ വേണം. അല്ലെങ്കില് പുതിയ മാനങ്ങള് അറിയണം, ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് ഇതൊന്നുമില്ലെന്നു സാരം.
കാലം മാറുന്നതിനനുസരിച്ച് കാലധര്‍‍മ്മങ്ങള് മാറുന്നതുപോലെ കലാധര്‍‍മ്മങ്ങളും മാറുകതന്നെ ചെയ്യും. പുതിയ പ്രമേയങ്ങളും പുതിയ ശൈലികളും ഉയന്നുവരികതന്നെ വേണം.
'പൊന്നില്‍ക്കുളിച്ചിവള്
നില്‍ക്കുകയാണൊരു
മഞ്ഞ കണിക്കൊന്ന പൂത്ത പോലെ'

എന്ന ചങ്ങമ്പുഴയുടെ മഞ്ജീരശിഞ്ജിതശൈലി കേട്ടു രസിച്ചു വളര്‍‌ന്ന് വന്നവരാണു നമ്മള്. എന്നാല് കവിതയെഴുത്തിനാവശ്യമായ സിദ്ധിയില്ലാത്തവര് ആധുനിക കവിതാരചനയാല് നവമാധ്യമങ്ങളിലൂടെ നിറയുന്നു.
വ്യാകരണവും, നിയമാവലിയും പഠിച്ചിട്ട്, വ്യാകരണ വിരുദ്ധമായെഴുതുന്നതും നിയമം തെറ്റിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നുമാത്രം.
എഴുത്തുകാരന് എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള് എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില് എഴുത്തുകാരന് ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല് എഴുത്തില് ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല.

എഴുത്തുകാരന് തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന് ഇതാണ് എഴുതിയതെന്ന് ഞാന് തന്നെ വിളിച്ചുപറഞ്ഞാല് പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന് കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന് സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില് നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.