മാർഗ്ഗദർശ്ശി:
ഹൊ, എന്തൊരു ചൂട്. വിയർത്തു കുളിച്ചു, എന്നാലും പണികളൊക്കെ പെട്ടെന്നുതന്നെ തീർക്കണം. എന്തെല്ലാം പണികളാണു ബാക്കി കിടക്കുന്നത്. തൂത്തുവാരണം, ഭിത്തികളൊക്കെ വൃത്തിയാക്കണം, ടോയ്‌ലറ്റും അതിനോടൊപ്പം വിശ്വാസികൾ ഒതുവെടുക്കാൻ വരുന്ന സ്ഥലവും ശുചിയാക്കണം...! പരമ കാരുണികനായ അള്ളാഹുവിന്റെ ഇച്ഛപോലെ എല്ലാം നടക്കും. പള്ളിയുടെ പുറത്ത് മനോരാജ്യത്തിൽ വിരാജിക്കുകയായിരുന്നു സെയ്ത്.
സെയ്തു മൊഹമ്മത്... ആ പേർ ഞാൻ പോലും ഞാൻ മറന്നുപോയിരിക്കുന്നു. എല്ലാവരും മൊല്ലാക്ക എന്ന് വിളിച്ചു വിളിച്ച് പേരുപോലും മറവിയുടെ അഗാധതയിലെവിടെയോ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.
അല്ലെങ്കിലും നമുക്ക് ഏറ്റവും വിലപ്പെട്ടതിനെ എന്തു പേർച്ചൊല്ലി വിളിക്കണമെന്ന് നമുക്കുതന്നെ നിശ്ചയമില്ല. ഞാനിപ്പോൾ ജീവിതത്തിന്റെ പരമലക്ഷ്യത്തിൽനിന്നും വളരെ അകലെയാണ്. വാസ്തവമായി അറിയേണ്ടതിനെ ഇനിയും അറിഞ്ഞിട്ടില്ല. ഏറ്റവും സ്നേഹിക്കപ്പെടേണ്ടതിനെ ഇനിയും വേണ്ടത്ര സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. സാധ്യമായ പരിപൂർണ്ണതയിൽനിന്നും താൻ വളരെയധികം വിദൂരത്തിലാണെന്ന അന്യതാബോധം. ഒരുപക്ഷേ, ആശങ്കകളും അവഹേളനങ്ങളും സൃഷ്ടിക്കുന്ന അപകർഷതയുടെ ഓളങ്ങളാകാം അവ. ഇരുട്ടുനിറഞ്ഞ മുറിയുടെ ജനലിലൂടെ വെളിച്ചം അൽപ്പാൽപ്പമായി എന്നിലേക്ക് അരിച്ചിറങ്ങുന്നു. പ്രഭാതത്തിന്റെ പൊൻ കിരണങ്ങൾ പുൽക്കൊടിയേയും വന്മരങ്ങളേയും തൊട്ടുതലോടുന്നു. അതിന്റെ ലാളനകൾ എന്റെ ഹൃദയത്തേയും തഴുകിയണയുന്നു.
പാവം എന്റെ ചെടികൾ.... അവ കൊടും ചൂടിൽ വാടിക്കരിഞ്ഞങ്ങനെ നിൽക്കുകയാണ്.
ഏകാന്തമായ ഈ ദേവാലയത്തിന്റെ ഇരുളടഞ്ഞ മൂലയിൽ കതകടച്ചിരുന്ന് നിങ്ങൾ ആരെയാണ് ആരാധിക്കുന്നത്..? കണ്ണുതുറന്നു നോക്കുവിൻ, നിങ്ങൾ തിരയുന്നയാൾ നിങ്ങളുടെ മുന്നിലല്ല... അവൻ പാടത്തു പണിയെടുക്കുന്ന കർഷകന്റേയും, കല്ലുടച്ചു വഴിയുണ്ടാക്കുന്നവന്റേയും, വിയർപ്പുകൊണ്ട് അന്നം തേടുന്നവന്റേയും കൂടെയാണ്. അവരോടൊപ്പം മഴയിലും വെയിലും കഴിയുന്ന അവന്റെ ശരീരത്തിൽ പൊടി നിറഞ്ഞിരിക്കുന്നു. നിങ്ങളും വിശുദ്ധമായ ഉടയാടകൾ അഴിച്ചുവച്ച് അവനേപ്പോലെ ചളിനിറഞ്ഞ ഈ മണ്ണിലേക്ക് ഇറങ്ങിവരുവിൻ.
'അവന്റെയടുത്ത് വരിക, അവനോടൊപ്പം
നെറുകയിൽ വിയർപ്പണിഞ്ഞു കൊണ്ട്
അവനോടൊപ്പം സഹകാരിയാകുക'
യാവിൻ ഉള്ളിലിരുന്ന് എന്നോടു മന്ത്രിക്കുന്നു, മാർപ്പാപ്പ ജോൺപോൾ രണ്ടാമനിലൂടെ.
അതെ, എന്നിലെ എന്നിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചു വരേണ്ടിയിരിക്കുന്നു...!
മതം എന്നിൽ ഒരു മാർഗ്ഗമാണ്... മാർഗ്ഗത്തിനു ഒരു ലക്ഷ്യമുണ്ട്. എല്ലാവർക്കും ഒരു ലക്ഷ്യം മാത്രമേയുള്ളൂ... അതെ, അതാണ് ഞാനും അന്വേഷിക്കുന്നത്. എന്റെ ലക്ഷ്യം ഐന്ദ്രികമായ സുഖമല്ല. പലർക്കും അങ്ങിനെ ആയിക്കൂടെന്നില്ല. മൂല്യങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഏതു മൂല്യങ്ങളിൽ നിന്നായാലും ജീവിതത്തിലെ ആനന്ദമെല്ലാം അവ ചോർത്തിക്കളഞ്ഞാൽ പിന്നെ അതിനു മൂല്യമില്ല. ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് വിലപ്പെട്ട ഏതിനോടെങ്കിലും അതിന് ബന്ധമുണ്ടാകുമ്പോഴാണ്.
ഇരുട്ടിൽ പരതുന്ന എന്റെ പ്രയാസങ്ങളെ നേരിടാൻ ഞാൻ... അല്ല... ഞാൻ മാത്രമല്ല എല്ലാ മനുഷ്യരും അന്യേഷിക്കുന്നതാണ് മാർഗ്ഗം. മാർഗ്ഗത്തിൽ പ്രവേശിച്ചതുകൊണ്ട് ഉടനെ തന്നെ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിചേരണമെന്നില്ല.
ഇസ്ലാമിന്റെ ലക്ഷ്യം പരമകാരുണികനായ അള്ളാഹുവാണ്
ഹിന്ദു കാണുന്ന ലക്ഷ്യം ഈശ്വരൻ അല്ലെങ്കിൽ പരമാത്മാവ്
യഹൂദർ കാണുന്ന ലക്ഷ്യം പേരു നിർദ്ദേശിക്കാനാവാത്ത യാവെ യാണ്.
കൃസ്ത്യാനി അന്യേഷിക്കുന്ന ലക്ഷ്യം പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ദൈവമാണ്.
യതി പറഞ്ഞപോലെ... ആ ലക്ഷ്യത്തിലെത്താൻ ഒരു അന്വേഷകനായി, ഒരു തീർത്ഥാടകനായി, ഒരു സാധകനായി, ഒരു താപസ്വിയായി യാത്രയുടെ പടവുകൾ താണ്ടണം ഞാൻ.
ഞാനും നിങ്ങളും എപ്പോഴും കാണിക്കുന്ന പ്രവണത ഇത് എന്റെ... ഇത് നിന്റെ എന്നിങ്ങനെയുള്ള പിടിവാശികളും സ്വാർത്ഥതകളുമാണ്. പ്രകൃതിനൽകിയ ദാനത്തെ പങ്കുവയ്ക്കുന്നതിൽനിന്നും നാം തുടങ്ങുന്നു, പങ്കുവയ്ക്കൽ...! ഇവിടെ അവനിൽ നിന്റെ സുഖമാണ് എന്റെ സുഖം... നീ ചിരിച്ചാൽ എനിക്കു സന്തോഷമായി... നിന്റെ കണ്ണുനീരാണ് എന്റെ ദുഖം... എന്ന ത്യാഗപൂർണ്ണമായ മനോഭാവമാണ് വളരേണ്ടത്.
ഗുരു പറഞ്ഞപോലെ,
'അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ
അപരന്നു സുഖത്തിനായ് ഭവിക്കേണം'
ഇത് ബോധപൂർവ്വം വളർത്തണം. ഇതിലൂടെ മനുഷ്യസ്നേഹത്തിനു പരിണാമം സിദ്ധിക്കുന്നു. എല്ലാ പ്രാർത്ഥനകളുടേയും ലയനസ്ഥാനം അനുഗ്രഹമാകുന്നു.
റൂമി ഇങ്ങിനെ പറയുന്നു,
'വസുവിന്റെ വദനം വിദാനം ചെയ്യുമ്പോൾ ഹാൽ, മിഥുനത്തിൽ ദ്വൈതം മറയുന്നിടത്ത് മഖാം'
ഉള്ളിൽ വളർന്ന മുത്ത് പിന്നെ ചിപ്പിയെ ഉപേക്ഷിക്കില്ല. അനുഗ്രഹവും അങ്ങിനെ തന്നെ. വഴി ഉണ്ടെന്നറിയാം, എന്നാൽ ഏതെന്നറിയില്ല... വഴിനടന്ന് മാർഗ്ഗം പരിചരിച്ചവർ വഴികാട്ടിയായിന്വന്നാൽ മഹാഭാഗ്യം...! ഒരു മാർഗ്ഗദർശ്ശി വേണം... എല്ലാം പറഞ്ഞുതരുന്ന... എല്ലാം കാണിച്ചുതരുന്ന... ഒരു പ്രവാചകൻ...! അവൻ വഴി കാട്ടുകയേയുള്ളൂ, അല്ലാതെ വഴിപോക്കനെ തോളിലേറ്റി ലക്ഷ്യത്തിൽ എത്തിക്കുകയില്ല.
മൺചട്ടിയിലും തറയിലും വാടിനിൽക്കുന്ന തന്റെ ചെടികളെ നോക്കിയപ്പോൾ മൊല്ലാക്ക അൽപ്പം അസ്വസ്ഥനായി.. നല്ല വെയിലാണിപ്പോൾ, നിത്യേന നനക്കുന്നുണ്ട്, എന്നാലും ഈ നന ചൂടിന്റെ കാഠിന്യത്തെ ചെറുക്കാൻ പര്യാപ്തമാകുന്നില്ല. അല്ലെങ്കിലും ഉപജീവനത്തിന്റെ അദ്ധ്വാനങ്ങൾക്കിടയിൽ സമയമുണ്ടാക്കി, സ്വന്തം താൽപ്പര്യപ്രകാരം പള്ളിയിലെ വേലകൾ സ്വയം ഏറ്റെടുത്ത് ചെയ്ത്, കിട്ടുന്ന സമയമത്രയും പള്ളിയും പരിസരങ്ങളുമായി ഇടപഴക്കുന്ന എനിക്കും ഈ ചെടികൾക്കും ഇതികൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലല്ലോ..?
മാർഗ്ഗം കണ്ടെത്തുവാനും അതിൽ ചരിക്കുവാനും എന്താണിത്ര പ്രയാസം? വഴിയറിയാതെ കാട്ടിൽ അലയുന്ന ഞാൻ എവിടേക്കാണ് പോകുന്നത്..? ചിലപ്പോൾ കറങ്ങിതിരിഞ്ഞും ചുറ്റിത്തിരിഞ്ഞും തുടങ്ങിയിടത്തുതന്നെ എത്തുമായിരിക്കും. മാർഗ്ഗം എന്നാം നിസ്വാത്ഥതയാൽ പ്രവേശിക്കുന്നതാണ്, സ്വാർത്ഥത വെടിയാതെ എവിടെയെങ്കിലും എത്തുമോ എന്നും അറിയില്ല.
മദ്രസയിലെ ഹാജിക്ക പറയുന്നത്, "ദൈവം വസിക്കുന്നത് സ്വർഗ്ഗത്തിലോ ഭൂമിയിലോ അല്ല, അവന്റെ ദാസന്റെ ഹൃദയത്തിലാണെന്നാണ്. ത്യാഗപൂണ്ണമായ മനസ്സുമായി ദൈവ സ്മരണയിൽ ഉരുകുന്ന ഹൃദയത്തിൽ ദൈവം വസിക്കും"
ഒരു കൗതുകത്തിന് റഷീദ്ക്കായുടെ വീട്ടിൽനിന്നും കൊണ്ടുവന്ന കട്ടമുല്ലയും റോസുമാണിത്. വലിയ ആഹ്ലാദത്തിൽ അതിൽ തളിരും പൂവുമിടുന്നത് നോക്കിയിരിക്കുന്നതുതന്നെ ഒരു കൗതുകമാണ്. ഓർമ്മകളുടെ ഗദകാല സ്മരണകളിൽ മെയിലാഞ്ചിയതിരിട്ട തൊടിയിൽ നിറയെ പച്ചപ്പും, പടർപ്പുകളുണ്ടായിരുന്നു.
ഈ പ്രപഞ്ചത്തിന് അനേകായിരം വർഷങ്ങൾകൊണ്ട് സംഭവിക്കുന്ന ചില കെടുതികൾ മനുഷ്യനിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് സംഭവിക്കുന്നു. അതേപോലെ അനേകായിരം വർഷങ്ങൾകൊണ്ട് ഉണ്ടായിട്ടു പ്രാപഞ്ചിക ദോഷങ്ങളെ ഏതാനും ദിവസങ്ങൾകൊണ്ട് അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾകൊണ്ട് തിരുത്തുവാനും സാധിക്കുന്നു. മനുഷ്യൻ സാമൂഹികജീവിയായ കാലംമുതൽ തന്നെ തന്റെ ജീവിതം സുഗമമാക്കാൻ പ്രകൃതിനിയമങ്ങളെ ശ്രദ്ധിച്ചുമനസിലാക്കി ആ നിയമങ്ങളിക്കിണങ്ങുന്ന സാങ്കേതികവിക്ജാനം വളർത്തി ഭദ്രജീവിതത്തിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്നു.
എന്നാൽ നാം വിചാരിക്കുന്നപോലെ അത്ര സാധാരണമല്ല ജീവിതം. നൂറായിരം പ്രശ്നങ്ങളുടെ ഇടയിലാണ് നാം അധിവസിക്കുന്നതും, ജീവിതം കരുപിടിപ്പിക്കുന്നതും. ഒരു വശത്ത് സൗന്ദര്യം, സൗമനസ്യം, ത്യാഗബോധം. മറുവശത്ത് പരസ്പരം പിടിച്ചടക്കാനുള്ള വ്യഗ്രത. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞ ഈ പ്രപഞ്ചം സനാതനമായ ഒരു സത്തയുടെ പ്രതിഭലനമാണെന്നും മനുഷ്യന്റെ ലക്ഷ്യം ആ പ്രേമധാമവുമായി ഐക്യം പ്രാപിക്കുക എന്നതുമാണെന്ന് ഋഷിവര്യന്മാർ ഓർമ്മിപ്പിക്കുന്നു. അതിനോടൊപ്പം ഒരു പ്രതിഭാസം എന്നനിലയിൽ ഓരോ മണൽത്തരിയും ഓരോ ചെറിയ സംഭവവും അത്രതന്നെ വിലപ്പെട്ടതാണെന്നും തിരിച്ചറിയണം.
പച്ചപിടിച്ചുകിടക്കുന്ന തൊടിക്കപ്പുറം വേലിയുടെ അരുകിൽ എന്റുമ്മയുടെ ഹൃദയംപോലെ മിനുസവും മണവുമുള്ള ചെമ്പകങ്ങൾ പൂക്കുന്ന മരമുണ്ടായിരുന്നു. ഉമ്മയുടെ കവിളുകൾ എപ്പോഴും വിളർത്തിരുന്നു, ചെമ്പകയിതളുകൾപോലെ... ഉമ്മയുടെ ചിരിയിലും ചെമ്പകത്തിന്റെ വിഷാദമുണ്ടായിരുന്നു. വീടും തൊടിയും അതിലെ വിയർപ്പും കൂടിക്കലർന്നതായിരുന്നു ഉമ്മയുടെ ലോകം. വാപ്പയില്ലാത്ത ഞങ്ങളെ ഒരു തണലിൽ എത്തിക്കുക എന്ന ഒരു ലക്ഷ്യം മാത്രം... അതിനുള്ള മാർഗ്ഗമോ, അശാന്ത പരിശ്രമവും കഷ്ടപ്പാടും.
മൊല്ലാക്കാ....
അഷ്‌റഫിന്റെ വിളിയാണ് ഉണർത്തിയത്.
വണ്ടിവരാറായി, സാധനങ്ങളൊക്കെ വൃത്തിയാക്കി അടുക്കിപ്പെറുക്കി വയ്ക്കണം.
ഓ.. നേരം പോയതറിഞ്ഞില്ല, അല്ലെങ്കിലും ഞാനിങ്ങനെയാണ്, അന്തർമുഖത്തിന്റെ മനോരാജ്യങ്ങളിലൂടെ അങ്ങനെയങ്ങ് സഞ്ചരിക്കും. ഉത്തരവാദിത്വത്തിന്റെ കുപ്പായത്തിനുള്ളിലെ വേറൊരു ഞാൻ. കവിതയും അന്തർമുഖത്വവും... പ്രകടിപ്പിച്ചാൽ അപക്വമാകുമോ എന്ന സന്ദേഹങ്ങളോടെ വികാരങ്ങളോടെ പതുങ്ങിനിൽക്കുന്ന ആ ഞാൻ. എന്തെല്ലാം കുപ്പായങ്ങളാണ് ബാഹ്യമായി ഞാൻ ധരിക്കുന്നത്? എന്നാൽ എന്നിലെ എന്നിൽ, ഞാൻ.. ഞാൻ മാത്രമായി അവശേഷിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമായി എപ്പഴും എവിടേയും പതുങ്ങിക്കൂടുന്ന ഒരു സ്വപ്നജീവി.. ഒരു ജന്മം തീരുന്നത് എത്രവേഗമാണ്.
പുരോഗമന ചിന്താഗതികളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി വ്യക്തിതാൽപ്പര്യത്തേക്കാൾ പൊതുതാൽപ്പര്യത്തിന്റേയും ജനനന്മയുടേയും മേലങ്കി. എത്രപെട്ടെന്നാണ് എല്ലാം പൊള്ളയാണെന്നും എല്ലാറ്റിനും നീർക്കുമിളകളുടെ ആയുസ്സേ ഉള്ളൂവെന്നും ബോധ്യമായത്. എല്ലായിടത്തുംരാഷ്ട്രീയത്തിന്റെ പൊതുതാൽപ്പര്യത്തിനുള്ളിൽ പൊതിഞ്ഞ വ്യക്തിതാൽപ്പര്യങ്ങൾ. എല്ലാം മടുത്തു.... എല്ലാം ഇട്ടെറിഞ്ഞ് പോന്നതാണ്, പശ്ചാത്താപത്തിന്റേയും നിരാശയുടേയും മരുഭൂമി താണ്ടാൻ. യുവത്തിന്റെ തുടിപ്പും കാലത്തിന്റെ സ്പന്ദനങ്ങളും നെഞ്ചിലേറ്റിപോയത് ഒരു തെറ്റായി തൊന്നുന്നുവോ? വർഷങ്ങളോളം പലരുടേയും ജീവിതത്തിൽ കാളിമ പടർത്തിയ ദുരനുഭവങ്ങൾ. വളരെയേറെ കഷ്ടതകൾ സഹിച്ചു കാത്തിരുന്ന ആ ചുവന്ന പ്രഭാതം എവിടെപോയി..? നിരാശയുടെ നീർക്കയത്തിലേക്ക് തള്ളിയിട്ട ആ ചുവന്ന വെളിച്ചം പൊടുന്നനെ അണഞ്ഞു.
ജീവിതത്തെ വെറുക്കുക എന്നെ പരാജയമനസ്ഥിതി കൂടുതൽ നാരകീയമായ ഒരവസ്ഥയിലേക്കാണ് നമ്മെ നയിക്കുക എന്നും തിരിച്ചറിയുന്നു. ഭൗതികവാദം അസമർത്ഥമായി അനുഭവപ്പെടുന്നുവെങ്കിൽ ആത്മവാദം അല്ല അതിനുള്ള പ്രതിവിധി, കൂടുതൽ ഭൗതികവാദം... സമഗ്രമായ ഭൗതികവാദം... അതെ അതാണ് ഇന്നത്തെ ആവശ്യം.